ആന്റണി ആറിൽച്ചിറ, ചമ്പക്കുളം
2014ലെ പക്ഷിപ്പനിയുടെ കാലത്ത് കുട്ടനാട്ടിലെ താറാവ് കർഷകർ തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഒന്നിച്ചുകൂടുകയുണ്ടായി. 1080 താറാവ് കർഷക കുടുംബങ്ങളായിരുന്നു അന്ന് ആലപ്പുഴയിൽ ഒന്നിച്ചുകൂടിയത്. എന്നാൽ 2024 ആയപ്പോഴേക്കും കുട്ടനാട്ടിലെ താറാവ് കർഷകരുടെ എണ്ണം നൂറിൽ താഴെയായി കുറഞ്ഞു. കുട്ടനാട്ടിലെ താറാവ്കൃഷി നേരിടുന്ന വെല്ലുവിളികൾ കർഷകരെ താറാവ്കൃഷിയിൽനിന്നു പിന്നോട്ടടിച്ചിരിക്കുന്നു. പത്ത് വർഷംകൊണ്ട് താറാവ്കർഷകരുടെ എണ്ണം പത്തിലൊന്നായി കുറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ കാരണങ്ങൾ കണ്ടുപിടിച്ച് പ്രതിവിധി നിർദേശിക്കേണ്ടവരുടെ അലംഭാവം ബാക്കിയുള്ള കർഷകരെ കൂടി ഈ മേഖലയിൽനിന്ന് പിൻമാറാൻ നിർബന്ധിതരാക്കുന്നു.
പക്ഷിപ്പനിയും മറ്റു രോഗങ്ങളും
2014ൽ കുട്ടനാടൻ പ്രദേശത്ത് അവതരിച്ച പക്ഷിപ്പനിയാണ് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ താറാവ് കർഷകർ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. പക്ഷിപ്പനിയുടെ പേരിൽ, താറാവിന്റെ മാംസവും മുട്ടയും ഉപയോഗിക്കാൻ നിരോധനം ഏർപ്പെടുത്തി. പക്ഷിപ്പനിയുടെ പേരിൽ ഒരു പറ്റം ആളുകൾ താറാവിനെ കൊന്നൊടുക്കിയപ്പോൾ മറ്റ് ചില കർഷകർ പ്രതിരോധ മരുന്നുകൾ നല്കി വലിയ മുതൽമുടക്കിൽ തങ്ങളുടെ താറാവുകളെ സംരക്ഷിച്ചു. എന്നാൽ അങ്ങനെ സംരക്ഷിച്ച താറാവിന്റെ മുട്ട നിരോധനം നിമിത്തം ഉപേക്ഷിക്കേണ്ടിവന്നു. പതിനായിരക്കണക്കിന് മുട്ടകളാണ് അന്ന് കർഷകർ ഓരോ ദിവസവും നശിപ്പിച്ചു കളയാൻ നിർബന്ധിതരായത്. എന്നാൽ പ്രതിരോധ മരുന്നുകൾ നല്കാതെ താറാവിനെ കൊല്ലാൻ വിട്ടുകൊടുത്തവർക്ക് ഇൻഷ്വറൻസും നഷ്ടപരിഹാരവും ലഭിച്ചു. എന്നാൽ താറാവിനെ കൊല്ലാതെ പരിരക്ഷിച്ചവർക്ക് ലക്ഷങ്ങളുടെ ബാധ്യത മാത്രം ബാക്കിയായി.
ഇന്നും ഇടവേളകളിൽ എത്തുന്ന പക്ഷിപ്പനിയെപ്പറ്റി ആധികാരികമായ പഠനങ്ങളോ സത്യസ്ഥിതിയുടെ വെളിപ്പെടുത്തലോ ഉണ്ടാകുന്നില്ല.
മറുനാടൻ താറാവുകൾ
ഇന്ന് കുട്ടനാടൻ താറാവ് എന്ന പേരിൽ കേരളത്തിന്റെ മിക്ക ഇടങ്ങളിലും ലഭിക്കുന്നത് മറുനാടൻ താറാവാണ്. കുട്ടനാടിന്റെ തനത് ശൈലിയിൽ സമയമെടുത്ത് വളർത്തുന്ന കുട്ടനാടിന്റെ തനത് ഇനങ്ങളായ ചാരയോടും ചെമ്പല്ലിയോടും സാമ്യം തോന്നുന്ന മറുനാടൻതാറാവുകൾ വിപണി പിടിച്ചടക്കുന്നത് കുട്ടനാടൻ താറാവ് കർഷകരുടെ പ്രധാന ഭീഷണിയായി മാറിയിട്ടുണ്ട്.
നാലു മാസംകൊണ്ട് വളർച്ചയെത്തുന്ന താറാവിനെ മുട്ടയ്ക്കും മാംസത്തിനും എന്നിങ്ങനെ വേർതിരിക്കും. മാംസത്തിനുള്ളവയെ മാർക്കറ്റിലേക്കും മുട്ടയ്ക്കുള്ളവയെ തുടർ പരിപാലനത്തിനും മാറ്റും. എന്നാൽ വിപണിയിൽ എത്തിക്കുന്ന താറാവിന് കർഷകർക്കുണ്ടായ പരിപാലന ചെലവിന് ആനുപാതികമായ വിലപോലും ലഭിക്കാതെ പോകുന്നു. വഴിയോര വില്പന കേന്ദ്രങ്ങളിലും കേന്ദ്രീകൃത വില്പന കേന്ദ്രങ്ങളിലും താറാവൊന്നിന് 400 രൂപയ്ക്ക് അടുത്തോ അതിന് മുകളിലോ ആണ് വില. എന്നാൽ തനി നാടൻ താറാവുകളുടെ ഹോൾസെയിൽ മാർക്കറ്റ് വില 250 രൂപയിൽ താഴെയാണ്.
പ്രതിവിധി
=മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന താറാവിന് നിശ്ചിത നികുതി ചുമത്തണം. ഇറക്കുമതി ചെയ്യുന്ന താറാവുകളുടെ വില നാടൻ താറാവുകളുടെ വിലയേക്കാൾ താഴെയാവുന്നില്ല എന്ന് ഉറപ്പു വരുത്തണം.
=ഇറക്കുമതി ചെയ്യുന്ന താറാവിന് ചുമത്തുന്ന നികുതിയിൽ ഒരു വിഹിതം താറാവ്കർഷകരുടെ ക്ഷേമത്തിനായി വിനിയോഗിക്കണം.
=താറാവിന് തൂക്കത്തിന് ആനുപാതികമായി നിശ്ചിത തുക നിശ്ചയിച്ച് നല്കുകയും അത് കർഷകർക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കുകയും വേണം. ഇതനുസരിച്ചാകണം കമ്പോള വില.
=കൃത്യമായ ഇടവേളകളിൽ കമ്പോളവില നിശ്ചയിക്കുന്നതിനും മാറ്റം വരുത്തുന്നതിനും വേണ്ട നടപടി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം.
=താറാവ്കൃഷിയുടെ ഇൻഷ്വറൻസ് കൂടുതൽ കാര്യക്ഷമവും കർഷക സൗഹൃദവും ആകണം.
=പക്ഷിപ്പനിയെക്കുറിച്ച് വ്യക്തമായ പഠനം നടത്തുകയും താറാവിനെ കൊന്നു തള്ളുന്നതിന് പകരം സർക്കാർ ചെലവിൽ പ്രതിരോധ മരുന്നുകൾ നല്കി സംരക്ഷിക്കുന്നതിന് വേണ്ട നടപടിയെടുക്കുകയും വേണം.
=പക്ഷിപ്പനിയുടെ പേരിൽ താറാവിനെ കൊല്ലേണ്ടി വന്നാൽ, കൊല്ലുന്ന താറാവിന്റെ എണ്ണത്തിലും നഷ്ടപരിഹാര നിർണയത്തിലും സുതാര്യത കൊണ്ടുവരണം.